തെൽഅവീവ് : ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ മരണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സീസറിയ നഗരം വിറച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേലും’ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ അസാധാരണ നീക്കം. ലെബനാനിൽനിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്കു മേലും ബോംബ് പതിച്ചതായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രായേലിന്റെ ഭാഗത്തുനിന്നു വരുന്നുണ്ട്.
ലെബനാനിൽനിന്ന് മൂന്ന് മിസൈലുകൾ സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു കെട്ടിടത്തിൽ പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകർത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോൺ ആക്രമണത്തിൽ സീസറിയയിൽ വൻ സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സീസറിയയിൽ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇസ്രായേൽ പൊലീസും അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റെ വസതി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇവിടെ ആക്രമണത്തിനു മുൻപ് അപായ സൈറണുകൾ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. സീസറിയയില്‍ നെതന്യാഹുവിന്റെ വസതിയുടെ പരിസരത്ത് നിരവധി ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ തെൽഅവീവിന്റെ വിവിധ ഭാഗങ്ങളിലും അപായ സൈറണുകൾ മുഴങ്ങിയതായി ഐഡിഎഫ് പറയുന്നു. വടക്കൻ തെൽഅവീവിലെ ഗ്ലിലോട്ടിൽ ഡ്രോൺ ആക്രമണസാധ്യത നിലനിൽക്കുന്നുണ്ട്. ഇതുവരെ ഇവിടെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. മൊസാദ് ആസ്ഥാനവും ഐഡിഎഫ് ഇന്റലിജൻസ് താവളവും സ്ഥിതി ചെയ്യുന്നത് ഗ്ലിലോട്ടിലാണ്.
ഇതേസമയത്ത് തന്നെ വടക്കൻ ഇസ്രായേൽ നഗരങ്ങളിലും പതിവുപോലെ ഹിസ്ബുല്ല വ്യോമാക്രമണം തുടരുന്നുണ്ട്. തിബെര്യാസ്, ഹൈഫ, ഗലീലി തീരനഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം അപായസൈറണുകൾ മുഴങ്ങിയിരുന്നു.