ബെയ്റൂട്ട് : ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക് നേരെ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട നേതാവാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.
1985 ല്‍ 153 യാത്രക്കാരും ജീവനക്കാരുമായി ഏഥന്‍സില്‍ നിന്ന് റോമിലേക്ക് പോകുകയായിരുന്ന ജര്‍മന്‍ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിലാണ് എഫ്ബിഐ ഹമാദിയെ തേടുന്നത്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹമാദി കൊല്ലപ്പെടുന്നത്.