വാഷിങ്ടണ്‍ : നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യം. വിയയ്റ്റാനം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്കുന്നവരില് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെന്റി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തേടിയെത്തിയത്.
രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്റി കിസിന്‍ജര്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു ഹെന്റി. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
1970 കളില്‍, റിച്ചര്‍ഡ് നിക്സന്റെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങളിലും നയതന്ത്രജ്ഞന് എന്ന നിലയില്‍ ഹെന്റിയുടെ പങ്ക് ശ്രദ്ധേയമാണ്. ചൈനയുമായുള്ള നയതന്ത്രബന്ധം തുറക്കല്‍, യുഎസ് – സോവിയറ്റ് യൂണിയന് ചര്‍ച്ചകള്‍, ഇസ്രയേല്‍ ഉള്‍പ്പടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിപൂലികരിക്കല്‍ തുടങ്ങിയവയെല്ലാം എല്ലാം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
1974ല്‍ നിക്സണിന്റെ രാജിയോടെ യുഎസ് വിദേശനയത്തിന്റെ പ്രധാന ശില്പിയെന്ന നിലയില്‍ കിസിന്‍ജറിന്റെ റോള്‍ കുറഞ്ഞെങ്കിലും പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ കീഴില്‍ നയതന്ത്രശില്‍പി എന്ന നിലയില്‍ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.
1973ലാണ് സമാധാന നേബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. ആ വര്‍ഷം വിയ്റ്റ്നാം നേതാവായ ഡക് തോയ്ക്കും സംയുക്തമായാണ് നേബേല്‍ സമ്മാനം ലഭിച്ചത്. ഹെന്റിക്ക് നേബേല്‍ സമ്മാനം നല്‍കിയത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെ നേബേല്‍ കമ്മറ്റിയിലെ രണ്ടംഗങ്ങള്‍ രാജിവച്ചിരുന്നു.