ഒട്ടാവ : കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കുമെന്ന പ്രസ്താവനയില്‍ നിയുക്ത യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി കാനഡ സിഖ് നേതാവ്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ് ആണ് മുന്നറിയിപ്പ് നല്‍കിയത്.
‘ഡോണള്‍ഡ് ട്രംപിന് ഒരു സന്ദേശമുണ്ട്. ഞങ്ങളുടെ രാജ്യം (കാനഡ) വില്‍പ്പനയ്ക്കുള്ളതല്ല. ഇപ്പോഴെന്നല്ല, ഒരിക്കലും.’സോഷ്യല്‍ മീഡിയ സൈറ്റായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ജഗ്മീത് സിങ് വ്യക്തമാക്കി. കാനഡക്കാര്‍ അഭിമാനികളായ ആളുകളാണ്. അവര്‍ തങ്ങളുടെ രാജ്യത്തെ കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തെ പ്രതിരോധിക്കാന്‍ കഠിനമായി പോരാടാന്‍ തയ്യാറാണെന്നും ജഗ്മീത് സിങ് പറഞ്ഞു.
കാനഡയ്ക്ക് മേല്‍ യുഎസ് തീരുവ ചുമത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ജഗ്മീത് സിങ് പറഞ്ഞു. ‘ ട്രംപ് ഞങ്ങളോട് പോരാട്ടത്തിന് തീരുമാനമെടുത്താല്‍, അതിന് വലിയ വില നല്‍കേണ്ടിവരും. ട്രംപ് കാനഡയ്ക്ക് മേല്‍ തീരുവ ചുമത്തിയാല്‍, അതേ രീതിയില്‍ തന്നെ രാജ്യം തിരിച്ചടിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ഏതൊരാളും ഈ തീരുമാനം എടുക്കുമെന്നാണ് താന്‍ കരുതുന്നത്.’ ജഗ്മീത് സിങ് പറഞ്ഞു. കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്നാണ് മിക്ക കാനഡക്കാരും ആഗ്രഹിക്കുനന്തെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.