ടെൽ അവീവ്: ഗാസയിലെ ആക്രമണത്തില്‍ ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാരെ വധിച്ചതായി ഇസ്രയേല്‍. ഗാസ മുനമ്പിലെ ഖാന് യൂനിസില്‍ നടന്ന ആക്രണത്തിലാണ് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടത്. ധനമന്ത്രി ജവാസ് അബു ഷമ്മാല, ആഭ്യന്തര മന്ത്രി സക്കറിയ അബു മാമര് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
അതേസമയം, ഇസ്രയേലിലെ ദക്ഷിണ തീര നഗരമായ അഷ്കലോണില്‍ ഹമാസ് വ്യോമാക്രമണം ആരംഭിച്ചു. അഞ്ചുമണിക്ക് മുന്‍പ് നഗരം വിട്ടുപോകണമെന്ന് ജനങ്ങള്‍ക്ക് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ആരംഭിച്ചത്. ഗാസ മുനമ്പിലെ തങ്ങളുടെ ജനങ്ങളെ ആക്രമിക്കുന്ന ശത്രുവിന് മറുപടി നല്‍കാനായി അഷ്കലോണില്‍ ആക്രണം നടത്താന്‍ പോവുകയാണെന്ന് ഹമാസ് നേതാവ് അബു ഒബൈദ് ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. അഞ്ച് മണിയാണ് ഡെഡ് ലൈന്‍ നല്‍കിയിരിക്കുന്നതെന്നും ഒബൈദ് പറഞ്ഞു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഗാസയില്‍ ഇതുവരെ 770 പേര് കൊല്ലപ്പെട്ടു.