ഗസ്സ സിറ്റി : ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയാറായാൽ ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിക്കുമെന്ന അമേരിക്കൻ നിലപാടിനെ സ്വാഗതം ചെയ്ത് ഹമാസ്. ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഒന്നര മാസത്തെ വെടിനിർത്തൽ വേളയിൽ മുഴുവൻ ബന്ദികളെയും വിട്ടയക്കുക, ആനുപാതികമായി ഫലസ്തീൻ തടവുകാരെ കൈമാറുക, ഗസ്സയിലേക്ക് സഹായം ഉറപ്പാക്കുക, ഗസ്സക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് ഈജിപ്ത് സമർപ്പിച്ച നിർദേശത്തിലെ പ്രധാന ഉപാധികൾ.
ആയുധങ്ങൾ അടിയറ വെക്കണമെന്ന ഈജിപ്ത് നിർദേശം നേരത്തെ ഹമാസ് തള്ളിയിരുന്നു. ബന്ദികളെ മോചിപ്പിച്ചാൽ ആക്രമണം നിർത്തുമെന്ന യു.എസ് നിലപാട് സ്വാഗതാർഹമാണെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. ബന്ദിമോചനത്തോടെ ആക്രമണം അവസാനിപ്പിക്കമെന്നതിന് താൻ ഉറപ്പ് നൽകുമെന്ന് കഴിഞ്ഞ ദിവസം ബന്ദികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന യു.എസ് പ്രതിനിധി ആദം ബൊഹ്ലർ അറിയിച്ചിരുന്നു.
അതേസമയം, വെടിനിർത്തൽ ചർച്ചാനീക്കം അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ സ്മോട്രികും ബെൻ ഗവിറും പറഞ്ഞു. ഗസ്സയിൽ പൂർണ അധിനിവേശം നടത്തുകയും ട്രംപിന്റെ പദ്ധതി നടപ്പാക്കുകയുമാണ് വേണ്ടതെന്ന് ഇരുവരും പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഗസ്സ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തി ഇരുപതിനായിരം പേർ ഒപ്പുവെച്ച കൂറ്റൻ നിവേദനം നെതന്യാഹുവിന് കൈമാറി. പതിനായിരം റിസർവ് സൈനികരും നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജറൂസലമിൽ പ്രതിപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിൽ വൻ റാലിയും നടന്നു.
നിസ്സഹകരണം ഉൾപ്പെടെ വിവിധ സമരമുറകൾ നടപ്പാക്കുമെന്നും പ്രതിപക്ഷം നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 23 പേർ കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണവും വിലക്കുകളും തകർത്ത ഗസ്സ മുനമ്പിൽ ആയിരക്കണക്കിന് കുട്ടികൾ പട്ടിണിയിലും പോഷകാഹാരക്കുറവിന്റെ പിടിയിലുമാണെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂരിഭാഗം കുട്ടികളും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിക്കുന്നതെന്നും സന്നദ്ധ പ്രവർത്തന ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് വ്യക്തമാക്കി.