ഗസ്സ സിറ്റി : ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻറിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഭാര്യയോടൊപ്പം പ്രാർഥന നിർവഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.
‘അദ്ദേഹത്തിൻറെ രക്തം, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും ഇന്ധനമായി നിലനിൽക്കും. ക്രിമിനൽ ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛയെയും തകർക്കാനാകില്ല’ -പ്രസ്താവനയിൽ ഹമാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി വലിയ രീതിയിലുള്ള ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത്. തെക്കൻ മേഖലയിൽ ഖാൻ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ശനിയാഴ്ച 34 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 49,747 ആയി ഉയർന്നു. 1,13,213 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.