ഗാസ : ഹമാസിന് എതിരെ ഗാസയില്‍ കരയുദ്ധത്തിനുള്ള നീക്കം ആരംഭിച്ച് ഇസ്രയേല്‍. അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. ഒരേസമയം പതിനായിരം സൈനികരും നൂറുകണക്കിന് ടാങ്കുകളുമാണ് ഗാസയിലേക്ക് നീങ്ങുന്നത്.
വടക്കന്‍ ഗാസ നിവാസികള്‍ക്ക് ഒഴിഞ്ഞുപോകാനായി നല്‍കിയിരുന്ന സമയം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിച്ചത്. വടക്കന്‍ ഗാസയില്‍ നിന്നുള്ള ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്.
കടലില്‍ നിന്നുള്ള ആക്രമണവും ആരംഭിച്ചിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്. അതേസമയം, ഗാസ മുമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവ് അടക്കമുള്ള മേഖലയില്‍ ഇസ്രയേല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
2006ലെ രണ്ടാം ലബനന് യുദ്ധത്തിന് ശേഷം, ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിക്കുന്നതുവരെ ആക്രമണം തുടരാനാണ് ഇസ്രയേല്‍ പദ്ധതിയെന്ന് ഐഡിഎഫ് വക്താവ് ലഫ്.കേണല്‍ റിച്ചാര്‍ഡ് ഹെച്ച് പറഞ്ഞു.
അതേസമയം, ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രണവും ഇസ്രയേല്‍ കടുപ്പിച്ചു. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലബനനില്‍ പ്രവേശിച്ച് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ സേന മുതിര്‍ന്നത്.