


കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയത് കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്ന്. പിടികൂടുമ്പോള്‍ ഇയാള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല. കയര്‍ കെട്ടിയാണ് ഇയാളെ കിണറ്റിന് പുറത്തെത്തിച്ചത്.
രാവിലെ 9.20ടെ പ്രദേശത്ത് കൂടി നടന്നുപോയിരുന്ന ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാള്‍ തൊട്ടടുത്ത വലിയ മതില് ചാടി രക്ഷപ്പെടുകയായിരുന്നു.ഈ കോമ്പൗണ്ടില്‍ ഉപയോഗത്തിലില്ലാത്ത ഒരു കെട്ടിടം ഉണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് രക്ഷപെടാനായി ഇയാള്‍ ഈ കെട്ടിടത്തില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട ഇയാള്‍ കിണറ്റില്‍ ചാടി, ഗോവിന്ദച്ചാമിയെ പൊലീസ് പിന്നീട് വളയുകയായിരുന്നു. നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നതിനാല്‍ ആ സമയത്ത് ഇയാളെ പുറത്തെത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടാണ് കൂടുതല്‍ പൊലീസുകാര്‍ ഇങ്ങോട്ടേക്ക് എത്തുന്നത് വരെ കാത്തു നിന്നത്.
ഇതിനിടെ കെട്ടിടത്തിനകത്തേക്ക് നാട്ടുകാര്‍ ബഹളം വച്ച് കയറി. പിന്നീട് കെട്ടിടത്തിന് പുറകിലുള്ള കിണറ്റില്‍ ഗോവിന്ദച്ചാമിയെ പൊലീസ് വളഞ്ഞിരിക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. കൂടുതല്‍ പൊലീസ് എത്തിയതോടെ നാട്ടുകാരുടെ മുന്നില്‍ വെച്ച് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു.
ഗോവിന്ദച്ചാമിക്കായി പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലാണ് നടന്നത്. ഡോഗ് സ്കോഡ് സെന്‍ട്രല്‍ ജയിലിനകത്തു പരിശോധിച്ചതിനുശേഷം ജയില്‍ ചാടിയ മതില് ഭാഗത്ത് നിന്ന് നേരെ പള്ളിക്കുന്ന് വഴി കണ്ണൂര്‍ എല്‍ഐസി ഓഫീസില്‍ സമീപത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് എല്‍ഐസി ഓഫീസില്‍ സമീപത്തെ ഒഴിഞ്ഞ വളപ്പിലും കാടുകുഴി പ്രദേശത്തും വ്യാപകമായ പൊലീസ് പരിശോധന നടത്തി. ഡിസിസി ഓഫീസിനും എല്‍ഐസി ക്കും ഇടയിലുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.