ഹാനോയ് : വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും, ഭരണസ്ഥിരത ഉറപ്പു വരുത്തുമെന്നും കുഓങ് പറഞ്ഞു.
നിലവിലെ പ്രസിഡന്റ് ടോ ലാം രാജ്യത്തെ ഏറ്റവും പ്രധാന പദവിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ജൂലൈയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫു ട്രോങ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ടോ ലാം ചുമതലയേറ്റെടുത്തത്. 2026 വരെയാണ് പുതിയ ഭരണസംവിധാനം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോ അംഗമാണ് കുഓങ്. പാര്‍ട്ടി തലവന്‍, പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് ചെയര്മാന് എന്നീ പദവികള്‍ക്ക് ശേഷമുള്ള അഞ്ചാമത്തെ പദവിയാണ് നേരത്തെ ആര്‍മി ജനറലായ കുഓങ് വഹിച്ചിരുന്നത്. പാര്‍ട്ടി അധ്യക്ഷനാണ് അധികാര കേന്ദ്രമെങ്കിലും, രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റാണ്.