ദുബായ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. സൗദി, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. കൂടാതെ ഗാസയ്ക്ക് 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.
ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു, കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതിനിധി പ്രതികരിച്ചു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. അതേസമയം, പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദാൻ തീരുമാനിച്ചു. ബൈഡൻ, കിംഗ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.
അതേസമയം, ആരോപണം തള്ളി ഇസ്രായേൽ രംഗത്തുവന്നു. ഹമാസ് ഭീകരർ വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്നാണ് ഇസ്രായേലിന്റെ വാദം. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ് എന്നും കുറിപ്പിൽ വിശദീകരിക്കുന്നു.