ജെറുസലേം : ഗാസയില്‍ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാന്‍ ഇസ്രയേല്‍ – ഹമാസ് ധാരണ. സമയപരിധി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ്, വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാന്‍ ധാരണയായത്. ഖത്തറിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ നീട്ടുന്നത്.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സൈനിക നടപടികള്‍ നിര്‍ത്തി വെച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് സൂചിപ്പിച്ചു. വെടിനിര്‍ത്തല്‍ നീട്ടിയ കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു.
മുന്‍ധാരണ അനുസരിച്ച് വെടിനിര്‍ത്തല്‍ ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതിന് ഹമാസ് 10 ബന്ദികളെ മോചിപ്പിക്കണം. ഇതിന് പകരം ഇസ്രയേല്‍ 30 പലസ്തീനികളെ ജയിലില്‍ നിന്ന് മോചിപ്പിക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേലിന് മേല്‍ അമേരിക്ക അടക്കം ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദം ശക്തമാണ്.
ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഈജിപ്തും അമേരിക്കയും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായി. ഇതുവരെ 97 ബന്ദികളെ ഹമാസ് മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.