കരാമ: ദുബായിൽ ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്നു യാക്കൂബ്.
ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ ഡേ ടു ഡേ ഷോപ്പിംഗ് സെന്ററിന് സമീപമുള്ള ബിൻഹൈദർ ഫ്ലാറ്റിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടാകുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.അപകടത്തിൽ മലയാളികളടക്കം ഒന്പത് പേർക്ക് പരിക്കേറ്റിരുന്നുവെന്നും ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നുമായിരുന്നു ആദ്യം ലഭിച്ച വിവരം.കണ്ണൂർ തലശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഫ്ലാറ്റിലെ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. അപകടത്തിൽപെട്ട യുവാക്കളിൽ ഭൂരിഭാഗവും അവിവാഹിതരാണെന്നാണ് സൂചന. റാഷിദ് ആശുപത്രിയിലും എൻഎംസി ആശുപത്രിയിലുമായിട്ടാണ് ഇവരെ പ്രവേശിപ്പിച്ചത്. സിലിണ്ടർ പെട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ ഇതിന് സമീപത്തുള്ള മറ്റൊരു ഫ്ലാറ്റിലെ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.