ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ അടക്കം 40 ഒാളം പ്രമുഖർ പങ്കെടുക്കും. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് വേദി.
വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചർച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. ആദ്യ സെഷൻ ‘ഒരു ഭൂമി’ ഇന്നു രാവിലെ 9ന്. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ രണ്ടാം സെഷൻ.
സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കൾ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈ നടും.’ഒരു ഭാവി ‘ സെഷനോടെ ഉച്ചകോടി അവസാനിക്കും. സമാപന സമ്മേളനത്തിൽ ജി 20 അദ്ധ്യക്ഷ പദവി ബ്രസീലിന് കൈമാറും. ഇന്ത്യയുടെ കാലാവധി നവംബർ 30ന് അവസാനിക്കുന്നതോടെ ഡിസംബർ ഒന്നിന് ബ്രസീൽ പദവി ഏറ്റെടുക്കും.
രാത്രി 8ന് ലോകനേതാക്കൾ, മുഖ്യമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ തുടങ്ങിയവർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴ വിരുന്ന്. 400 അതിഥികൾക്ക് ക്ഷണം
ഉച്ചകോടിയിലെ പ്രധാന വിഷയങ്ങൾ:
ആഗോള സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം
ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി
നവീകരണം, ഡിജിറ്റലൈസേഷൻ
ആരോഗ്യവും ക്ഷേമവും
ഭീകരത വിരുദ്ധതയും സുരക്ഷയും
ഇന്നത്തെ പരിപാടികൾ:
രാവിലെ 9: ഉദ്ഘാടനം
രാവിലെ 10: ആഗോള സമ്പദ്വ്യവസ്ഥ
ഉച്ചയ്ക്ക് 12: കാലാവസ്ഥാ വ്യതിയാനം
ഉച്ചയ്ക്ക് 2 : ഭക്ഷ്യസുരക്ഷ
വൈകിട്ട് 4 : നവീകരണവും ഡിജിറ്റലൈസേഷനും
വൈകിട്ട് 6 : അനുബന്ധ പരിപാടികൾ
നാളെ:
രാവിലെ 9ന്: ആരോഗ്യവും ക്ഷേമവും
രാവിലെ 11: ഭീകരത, സുരക്ഷ
ഉച്ചയ്ക്ക് 1: സമാപന ചടങ്ങ്
രാഷ്ട്രത്തലവൻമാർ എത്തി:
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഒമാൻ പ്രധാനമന്ത്രി ഹൈതം ബിൻ താരിഖ് അൽ സെയ്ദ്, റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, തുടങ്ങിയ നേതാക്കൾ ഡൽഹിയിലെത്തി. 55 ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയന് ജി 20യിൽ സ്ഥിരാംഗത്വം നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഫലം കാണും. അതിന്റെ ഭാഗമായി ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സണും കൊമോറോസ് പ്രസിഡന്റുമായ അസലി അസുമാനിയും എത്തിയിട്ടുണ്ട്.