ടോക്യോ : ഫോർമുല വൺ വേഗപ്പോരിലെ ജാപ്പനീസ് ഗ്രാൻ പ്രിയിലും ജയം കൊയ്ത് റെഡ് ബുൾ താരം മാക്സ് വേഴ്സ്റ്റപ്പൻ. സീസണിലെ വേഴ്സ്റ്റപ്പന്റെ 13-ാം ജയത്തിന്റെ ബലത്തിൽ റെഡ് ബുൾ തുടർച്ചയായ രണ്ടാം വട്ടവും കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
പോൾ പൊസിഷനിൽ നിന്ന് മത്സരം ആരംഭിച്ച വേഴ്സ്റ്റപ്പന് വെല്ലുവിളി ഉയർത്താൻ ആർക്കും സാധിച്ചില്ല. മക്ലാരൻ താരം ലാൻഡോ നോറിസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഓസീസ് പുതുമുഖം ഓസ്കർ പിയാസ്ത്രി മൂന്നാമതെത്തി ടീമിനായി ഡബിൾ പോഡിയം ഫിനിഷ് നേടിയെടുത്തു.
ഖത്തറിൽ നടക്കുന്ന അടുത്ത ഗ്രാൻ പ്രി കൂടി സ്വന്തമാക്കിയാൽ, തുടർച്ചയായ മൂന്നാം സീസണിലും വേഴ്സ്റ്റപ്പന് എഫ് വൺ ചാമ്പ്യനാകാം. നിലവിൽ 400 പോയിന്റുള്ള വേഴ്സ്റ്റപ്പൻ, പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റെഡ് ബുൾ സഹതാരം സെർജിയോ പെരെസിനെക്കാൾ 177 പോയിന്റുകൾ മുന്നിലാണ്.