വാഷിംഗ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു.വളരെ വേഗത്തിൽ പടർന്ന് പിടിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ആണ് സ്ഥിരീകരിച്ചത്.അർബുദം എല്ലുകളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബൈഡന്റെ ഓഫീസിൽ നിന്നും നൽകിയ പ്രസ്ഥാവനയിലൂടെയാണ് കാൻസർ വിവരം പുറം ലോകം അറിഞ്ഞത്.
മൂത്ര സംബന്ധമായ രോഗലക്ഷണങ്ങളെ തുടർന്ന് ബൈഡൻ വൈദ്യ സഹായം തേടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ് സ്കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്.
ബൈഡന്റെ രോഗബാധയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി.ബൈഡന്റെ രോഗവിവരം അറിഞ്ഞതിൽ ഞാനും മെലാനിയും ദുഃഖിതരാണെന്ന് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡ്രംപ് കുറിച്ചു.
ബൈഡനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും എക്സിൽ കുറിച്ചു.
പുരുഷന്മാരില് എറ്റവും സാധാരണമായി കാണുന്ന കാന്‍സര്‍ ബാധയില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ളത്.പുരുഷന്മാരില് മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷ പ്രത്യുത്പാദന സംവിധാനത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ്. ഈ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന സ്രവം പുരുഷ ബീജത്തിന്റെ പ്രവര്‍ത്തനത്തിന് വളരെയേറെ ആവശ്യമുള്ളൊരു ഘടകവുമാണ്. ആ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 60 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഈ അസുഖം സാധാരണയായി കണ്ടു വരാറ്. പക്ഷെ 40-60 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കും ഈ അസുഖം വരാമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.