റോം: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനും എ.സി മിലാൻ ക്ലബ്ബിന്റെ മുൻ ഉടമയുമായ സിൽവിയോ ബെർലുസ്കോണി(86) അന്തരിച്ചു. മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ലുക്കിമിയ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് കരളിൽ അണുബാധയും പിടിപ്പെട്ടിരുന്നു. വെള്ളിയാഴ്ച മിലാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതസംസ്കാരം നടത്തുമെന്ന് ബെർലുസ്കോണിയുടെ ബന്ധുക്കൾ അറിയിച്ചു.
ഫോഴ്സ ഇറ്റാലിയ പാർട്ടിയിലൂടെ 1994-ൽ രാഷ്ട്രീയത്തിലിറങ്ങിയ ബെർലുസ്കോണി എക്കാലവും ഇറ്റാലിയൻ രാഷ്ട്രീയത്തിലെ വിവാദ നായകനായിരുന്നു. പണത്തിന്റെ ബലം ഉപയോഗിച്ച് ബിസിനസ് പ്രമുഖന്മാർ രാഷ്ട്രീയത്തിൽ ശോഭിക്കുന്ന മാതൃകയ്ക്ക് തുടക്കമിട്ട വ്യക്തിയാണ് ബെർലുസ്കോണി.1994-95, 2001-2006, 2008-2011 കാലഘട്ടങ്ങളിലായി ആകെ നാല് വട്ടമാണ് ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ഒൻപത് വർഷക്കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായിരിക്കുന്ന ബെർലുസ്കോണി ലോകായുദ്ധാനന്തര ഇറ്റലിയുടെ ഏറ്റവും കൂടുതൽ നാൾ പ്രധാനമന്ത്രിയായ വ്യക്തി കൂടിയാണ്. 1986 മുതൽ 2017 വരെ ഇറ്റലിയിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ എ.സി മിലാന്റെ ഉടമയുമായിരുന്നു ബെർലുസ്ക്കോണി .
2011-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് നടത്തിയ സെക്സ് പാർട്ടിയും മാധ്യമ, ഫുട്ബോൾ രംഗത്തെ വൻകിടക്കാരനായ ബെർലുസ്കോണിയുടെ രാഷ്ട്രീയ പ്രതിഛായയക്ക് മങ്ങലേൽപ്പിച്ചു. 2013-ൽ നികുതി വെട്ടിപ്പിന് കുറ്റക്കാരനായി കണ്ടെത്തിയ അദ്ദേഹത്തെ അഞ്ച് വർഷത്തേക്ക് ഭരണഘടനാ പദവികൾ വഹിക്കുന്നതിൽ നിന്ന് കോടതി വിലക്കി. തുടർന്ന് 2019-ൽ യൂറോപ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെർലുസ്കോണി തൊട്ടടുത്ത വർഷം ഇറ്റാലിയൻ സെനറ്റിലേക്കും മടങ്ങിയെത്തി.