


കൊച്ചി : മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോരിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’യുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പി ആര് വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. വി ഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്.
എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശം മഹാരാജാസ് കോളജ് ഗ്രൗണ്ടിന് മുന്നിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് ഫ്ലക്സ് ബോര്‍ഡുകളാണ് കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. കളമശേരി സയന്‍സ് പാര്ക്കിന് സമീപവും ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യചർച്ചകൾ കോൺഗ്രസ് നേതൃത്വം വിലക്കിയിരിക്കുകയാണ്.