ഗസ്സ സിറ്റി : കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും.
കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ യഹവ് ഹദർ (20), ഗൈ കാർമിയേൽ (20), യോവ് ഫെഫർ (19), അവിയൽ വൈസ്മാൻ (20) എന്നിവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികർ. അഞ്ച് പേരുടെയും കുടുംബങ്ങളോട് സാഹചര്യത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.
സൈനികരുടെ സംഘം തിങ്കളാഴ്ച രാവിലെയാണ് ബെയ്ത് ഹനൂൻ മേഖലയിൽ ദൗത്യത്തിനായി എത്തിയത്. ഒരു കെട്ടിടത്തിനുള്ളിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി, സൈനികർ നിൽക്കുകയായിരുന്ന കെട്ടിടം തകർന്നുവീണു. അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സ്ഫോടനം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞ മാസങ്ങളായി വടക്കൻ ഗസ്സയിൽ ശക്തമായ ആക്രമങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തുന്നത്. ഹമാസ് അംഗങ്ങൾ വീണ്ടും സംഘടിക്കുന്നത് തടയാനെന്ന പേരിലാണ് ആക്രമണങ്ങൾ. കഴിഞ്ഞ ദിവസം മാത്രം പ്രദേശത്ത് ഏകദേശം 50 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചിട്ടുണ്ട്.