ടോക്കിയോ : ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സൂനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പ്രവിശ്യകളില്‍ ആണവ നിലയങ്ങളും ഉണ്ട്. നിലവില്‍ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മധ്യ ജപ്പാനില്‍ ആറ് പേര് ഭൂചലനത്തില്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ ഇന്ത്യന്‍ എംബസി കണ്ട്രോള് റൂമുകള്‍ തുറന്നു. അവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലുകളും എംബസി നല്‍കിയിട്ടുണ്ട്.
ആദ്യം ഉണ്ടായതിനെക്കാളും ശക്തമായ തിരമാലകളും ഭൂചലനങ്ങളും ഉണ്ടാകുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇഷികാവ തീരത്തും സമീപ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷമാണ് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്കെയിലില്‍ 7.6 ഭൂചലനം ആണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് സൂനാമി മുന്നറിയിപ്പും ഉണ്ടായിരുന്നു.