തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര സമ്മാനമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ തുറന്നു. കേരളത്തില്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വര്‍ക്കല പാപനാശത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബീച്ച് ടൂറിസം കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും വാട്ടര്‍ സ്പോര്‍ട്സിനായി ഗോവയേയും തായ്ലന്‍ഡിനേയും ഒക്കെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാട്ടര്‍ സ്പോര്‍ട്സ് സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴില്‍ സാധ്യതകളും വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വര്‍ക്കലയില്‍ ടൂറിസം വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ 2024ല്‍ നടപ്പാക്കും. വര്‍ക്കലയെ ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വര്‍ക്കലയുടെ ടൂറിസം വികസനത്തിന്റെ കരുത്താണ് ഫ്ളോട്ടിങ് ബ്രിഡ്ജ് എന്നും മന്ത്രി പറഞ്ഞു.വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റിയുടെയും വര്‍ക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കിയത്.
100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്. രാവിലെ 11 മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ഗാര്‍ഡുകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനം ഉണ്ടാകും. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്ത് ഉറപ്പിച്ചാണ് കടലില്‍ പൊങ്ങിക്കിടക്കുന്ന പാലം നിര്‍മിച്ചത്. വാട്ടര്‍ സ്പോര്‍ട്സിന്റെ ഭാഗമായി ബനാന ബോട്ട്, ജെറ്റ്സ്കി, സ്പീഡ് ബോട്ട്, ജെറ്റ് അറ്റാക്ക്, എറ്റിവി എന്നിവയും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 120 രൂപയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവേശനത്തിനുള്ള നിരക്ക്. 20 മിനിറ്റ് പാലത്തില്‍ ചെലവഴിക്കാം.