കൊച്ചി: വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ഫിയോക്കിന്റെ തർക്കം പുതിയ തലത്തിലേക്ക്. തർക്കം മൂർച്ചിച്ചതോടെ തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയുടെ ചെയർമാൻകൂടിയായ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ സിനിമ ഏപ്രിൽ 26-ന് തീയറ്ററുകളിലെത്തിച്ചുകൊണ്ടാണ് തുടക്കം. മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.
ഫിയോകിന് കീഴിലുള്ള തീയറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തീയറ്ററുകൾക്കും ചിത്രങ്ങൾ നൽകും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും. എന്നാൽ തർക്കത്തിന്റെ പേരിലല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്നാണ് ഫിയോക് ഭാരവാഹികൾ പറയുന്നത്. പ്രൊഡ്യൂസർമാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയിൽ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നുവെന്നാണ് സംഘടനാ നേതൃത്വം വിശദീകരിക്കുന്നത്.