ഉയർന്ന ഇന്ധനവിലയിലും യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നയങ്ങളിലും പ്രതിഷേധിച്ച് ട്രാക്ടർ റാലി നടത്തി ചെക്ക് കർഷകർ. പ്രാഗിൽ കൃഷിമന്ത്രാലയ ആസ്ഥാനത്തേക്കായിരുന്നു ട്രാക്ടർ റാലി. എന്നാൽ, കർഷകരുടെ പൊതു ആവശ്യങ്ങൾ മുൻനിർത്തി സർക്കാരുമായി ചർച്ച നടത്തുന്ന പ്രധാന കർഷകസംഘടനകൾ പ്രതിഷേധത്തിന്റെ ഭാഗമായില്ല. പകരം വ്യാഴാഴ്ച രാജ്യാതിർത്തിയിൽ ഇയു നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന് അഗ്രേറിയൻ ചേംബർ അറിയിച്ചു.
യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നിർദേശങ്ങൾ കർഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രങ്ങളിൽ കർഷകർ വ്യാപകമായി പ്രതിഷേധിക്കുകയാണ്. പോളണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെല്ലാം കർഷകർ ട്രാക്ടർ റാലി നടത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്ലോവാക്യയിൽ കർഷകർ ഈയാഴ്ച പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോളണ്ടിൽ മാസാദ്യം കർഷകർ പ്രധാന റോഡുകളും ഉക്രയ്ൻ അതിർത്തിയും ഉപരോധിച്ചിരുന്നു.