തമിഴ് സൂപ്പർ താരം വിജയ്ക്ക് അപകടം സംഭവിച്ചെന്ന ആശങ്കയിൽ ആരാധകർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗിന് എത്തിയപ്പോൾ സൂപ്പർതാരത്തിന്റെ കൈയിലും തലയ്ക്ക് പിന്നിലും പതിപ്പിച്ചിരിക്കുന്ന ബാൻഡ് എയ്ഡുകളാണ് ചർച്ചകൾക്ക് ആധാരം. ‘ഗോട്ട്’ സിനിമയുടെ റഷ്യൻ ഷെഡ്യൂളിനിടയിൽ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്ന, തമിഴക വെട്രി കഴകം നേതാവുകൂടിയാണ് വിജയ്. നീലാങ്കരയിലുള്ള ബൂത്തിലാണ് താരം വോട്ടുരേഖപ്പെടുത്താനെത്തിയത്. റഷ്യയിൽ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽനിന്നാണ് വിജയ് വോട്ടുചെയ്യാൻ നാട്ടിലെത്തിയത്.
വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കുന്നത്. ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ രാവിലെ മുതൽതന്നെ സിനിമാതാരങ്ങളെത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രജനികാന്ത്, കമൽഹാസൻ, അജിത്ത്, സൂര്യ, കാർത്തി, ധനുഷ് തുടങ്ങിയ താരങ്ങളെല്ലാം വോട്ടുചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം പുറത്തുവന്നിരുന്നു.