ന്യൂയോർക്ക്: വിഖ്യാത ഭാഷാ ശാസ്ത്രജ്ഞനനും രാഷ്ട്രീയ തത്വചിന്തകനും വിമര്‍ശകനുമായ നോം ചോംസ്കി അന്തരിച്ചതായി വ്യാജ പ്രചാരണം. സമൂഹമാധ്യമങ്ങളിൽ പ്രമുഖരുൾപ്പെടെ നിരവധിയാളുകളാണ് ചോംസ്കിക്ക് ‘ആദരാഞ്ജലി’ നേർന്നത്. 95കാരനായ ചോംസ്കി മരിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി കുടുംബം തന്നെ രംഗത്തെത്തി.
ഒരുവർഷം മുമ്പ് ചോംസ്കിക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു. അസുഖം ഭേദമായി വരുന്നതിനിടെ കഴിഞ്ഞയാഴ്ച വീണ്ടും ബ്രസീലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായതെന്ന് ചോംസ്കിയുടെ ഭാര്യ വലേറിയ ചോംസ്കി പറഞ്ഞു. ചോംസ്കി ചൊവ്വാഴ്ച ആശുപത്രി വിട്ടതായും ഇനി വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്നും സാവോ പോളോയിലെ ആശുപത്രി പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചതായ റിപ്പോർട്ടുകൾ പ്രചരിച്ചതോടെ എക്സ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ചോംസ്കി കഴിഞ്ഞ ദിവസം ട്രെൻഡിങ്ങായിരുന്നു. അമേരിക്കൻ മാഗസിനായ ജേക്കബിൻ, ബ്രിട്ടീഷ് പത്രമായ ന്യൂ സ്റ്റേറ്റ്സ്മാൻ എന്നിവർ ചോംസ്കിക്ക് അനുശോചനക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏതാനും ബ്രസീലിയൻ മാധ്യമങ്ങളും ചോംസ്കി മരിച്ചതായി റിപ്പോർട്ട് ചെയ്തു.
2015 മുതൽ ബ്രസീലിലാണ് ചോംസ്കി സ്ഥിരതാമസമാക്കിയത്. അമേരിക്കൻ വിദേശനയത്തിന്റെ നിശിത വിമർശകനായ ചോംസ്കി, ഭാഷാശാസ്ത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന ശാഖയുടെ സ്രഷ്ടാവാണ്. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍വ്വചിച്ചതും ഇദ്ദേഹമാണ്. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ചോംസ്കി അന്താരാഷ്്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.