ചെന്നൈ : പുതുവത്സരദിനത്തിൽ പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയരും. തിങ്കളാഴ്ച രാവിലെ 9.10 നാണ് വിക്ഷേപണം.
തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തത്.
ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാർത്ഥിനികളുടെ ഉപഗ്രഹമായ വി-സാറ്റിന്റെ ലക്ഷ്യം.