U.S. President Donald Trump holds a campaign rally in Sunrise, Florida, U.S., November 26, 2019. REUTERS/Yuri Gripas
വാഷിങ്ടണ്‍: ഫെയ്സ്ബുക്ക് ജനങ്ങളുടെ ശത്രുവാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യത്തിന് വളരെ മോശമാണ് ഫെയ്സ്ബുക്കെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും അത് നിരോധിച്ചാല്‍ ഫെയ്സ്ബുക്ക് കൂടുതല്‍ വളരാന്‍ സാഹചര്യമൊരുക്കുകയാണെന്നും ട്രംപ് വിശദീകരിച്ചു. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ട്രംപ് ടിക് ടോക് നിരോധനത്തില്‍ നേരത്തെയുള്ള നിലപാട് മാറ്റിയിരിക്കുകയാണ്. ടിക് ടോക്കിന് ദോഷങ്ങള്‍ ഒരുപാടുണ്ടെങ്കിലും നിരോധിക്കുന്നത് ഗുണം ചെയ്യില്ല. അത് മെറ്റയുടെ ഫെയ്സ് ബുക്ക് പ്ലാറ്റ്ഫോമിന് കൂടുതല്‍ ഗുണം ചെയ്യും. ടിക് ടോക് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. എന്നാല്‍ മറുവശം ചിന്തിക്കുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ടിക് ടോക്ക് നിരോധനം ഒരു വിവാദ വിഷയമാണ്, ദേശീയ സുരക്ഷയെയും ഡാറ്റ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ മുന്‍പന്തിയിലാണ്. ആപ്ലിക്കേഷന്റെ പോരായ്മകള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവത്വത്തിന് ഏറെ സ്വീകാര്യതയുള്ളതാണ് ടിക് ടോക്ക്. ധാരാളം കൊച്ചുകുട്ടികള്‍ ഉണ്ട്. അവര്‍ക്ക് അതില്ലാതെ പറ്റില്ല. നിരോധിച്ചാല്‍ ആകെ പ്രശ്നമാകുമെന്നും ട്രംപ് പറഞ്ഞു.