സാന്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2010 മുതല്‍ 14വരെയും, 2018 മുതല്‍22 വരെയും പ്രസിഡന്റായി പിനേര സേവനം അനുഷ്ടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും സുനാമി ഉള്‍പ്പടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തെ നയിച്ചത് പിനേരയായിരുന്നു. ബിസിനസുകാരന് കൂടിയായ പിനേര, ചിലിയുടെ സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പാക്കിയ ഭരണാധികാരിയാണ്.
പിനേര അടക്കം നാലുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചു.
ലാഗോ റാങ്കോ എന്ന മേഖലയിലാണ് പിനേര സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇവിടെ കനത്ത മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് അപകടം നടന്ന ലാഗോ റാങ്കോ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ പിനേരയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.