വാഷിങ്ടൺ : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് യു.എസ് ഡയറക്ടർ ഓഫ് ഇന്റലിജൻസ് തുളസി ഗബ്ബാർഡ്. ഹാക്കിങ് സാധ്യത പരിഗണിച്ച് പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത യോഗത്തിൽ അവർ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ സുരക്ഷപിഴവുകൾ സംബന്ധിച്ച് തെളിവുകളും അവർ സമർപ്പിച്ചിട്ടുണ്ട്.
ഇലക്ട്രോണി് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നതിന് തങ്ങളുടെ കൈവശം തെളിവുകളുണ്ട്. വോട്ടിങ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കിൽ പൂർണമായും പേപ്പർ ബാലറ്റിലേക്ക് മടങ്ങണം. അതിലൂടെ മാത്രമേ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തിരിച്ചു പിടിക്കാനാകുവെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു. ഇവരുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകളും ചൂടുപിടിക്കുകയാണ്.
അതേസമയം, 2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സൈബർ സെക്യൂരിറ്റി വിദഗ്ധൻ ക്രിസ് കെർബ്സിനെതിരെ ഡോണൾഡ് ട്രംപ് അന്വേഷണം നടത്താൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഗബ്ബാർഡിന്റേയും പ്രതികരണം.
എന്നാൽ, ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇന്റർനെറ്റ്, വൈ-ഫൈ എന്നിവയുമായി ബന്ധിപ്പിക്കാത്ത വോട്ടിങ് യന്ത്രങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഈ യന്ത്രങ്ങൾ സുപ്രീംകോടതി ഉൾപ്പടെ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കാറുണ്ട്. മോക്ക് പോൾ ഉൾപ്പടെയുള്ള നടപടികൾ വോട്ടെടുപ്പിന് മുമ്പ് നടത്താറുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.