ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 36 പേർക്ക് പരിക്കേറ്റു.
തലസ്ഥാനനഗരിയായ ഖാർത്തുമിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആർഎസ്എഫ് അംഗങ്ങൾ ക്യാമ്പ് ചെയ്തിരിക്കുന്ന മേയ് മേഖലയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സുഡാനീസ് സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു.ഇരു സേനകളും തമ്മിലുള്ള അധികാരത്തർക്കം മൂലം ഏപ്രിൽ മുതൽ സുഡാൻ കലാപകലുഷിതമാണ്. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം നാലായിരത്തോളം പേർക്കാണ് സംഘർഷം ആരംഭിച്ചതുമുതലുള്ള കാലഘട്ടത്തിൽ ജീവൻ നഷ്ടമായത്. 70 ലക്ഷത്തോളം സുഡാനീസ് പൗരന്മാർക്ക് ഭവനങ്ങൾ നഷ്ടമാവുകയും 10 ലക്ഷത്തോളം പേർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു.