ഖാര്‍ത്തും : സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. ദാര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു.
രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഖാര്‍ത്തൂമിലെ സൈനിക തലസ്ഥാനത്ത് അര്‍ധസൈനിക സേന ഏര്‍പ്പെടുത്തിയ ഉപരോധം സൈന്യം തകര്‍ത്തതോടെയാണ് എല്‍ ഫാഷര്‍ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.
2023 ഏപ്രില്‍ മുതലാണ് സുഡാനീസ് സൈനിക – അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ദാര്‍ഫര്‍ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലധികവും ആര്‍എസ്എഫ് പിടിച്ചെടുത്തിരുന്നു. വടക്കന്‍ ദാര്‍ഫറിന്റെ തലസ്ഥാനമായ എല്‍ ഫാഷര്‍ മേഖലയില്‍ ആര്‍എസ്എഫ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.