പ്ലാസ്റ്റിക്ക് കുപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നാം. ഒരിക്കൽ വാങ്ങിയാൽ വീണ്ടും അതിൽ വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിലെ എക്സപയറി ഡേറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ, അത് വെള്ളത്തിനുള്ളതല്ല, കുപ്പികൾക്കുള്ളതാണ്. കാലിയായ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും അകത്താക്കുന്നുണ്ട്.
ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ്. ശുദ്ധജല സ്രോതസുകളിലും മഴവെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കുണ്ടെന്ന് അറിയുമ്പോഴാണ് ഈ സൂക്ഷ്മവസ്തുവിന്റെ ഭീകരത എത്രത്തോളമാണെന്ന് തെളിയിക്കുന്നത്. മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും മൈക്രോപ്ലാസ്റ്റിക്ക് വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത തുടങ്ങി കാൻസറിന് വരെ മൈക്രോപ്ലാസ്റ്റിക്ക് കാരണമാകാറുണ്ട്. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്.
മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്ക് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. ഫിൽടർ ചെയ്ത വെള്ളം കുടിക്കുകയാണ് ഒരു പരിധി വരേയെങ്കിലും തടയാനുള്ള പോംവഴി. മിനറൽ വാട്ടർ കുപ്പികൾ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളിൽ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നതും നല്ലതല്ല. മൈക്രോപ്ലാസ്റ്റിക്ക് കുറയ്ക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുക എന്നത് മാത്രമാണ് നിലവിൽ ചെയ്യാനാകുന്നത്.