വാഷിംഗ്ടൺ ഡിസി: നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നു നല്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത് സഖ്യകക്ഷികൾ രംഗത്ത്.യുകെ, കാനഡ, സ്പെയിൻ എന്നീ രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് യുക്രെയ്നു നൽകുന്നതിനെ എതിർത്തു. നേരത്തെ ജർമനിയും നീക്കത്തെ എതിർത്ത് രംഗത്തുവന്നിരുന്നു.
ചില ആയുധങ്ങളും ബോംബുകളും യുക്രെയ്ന് നൽകരുതെന്ന് തന്റെ രാജ്യത്തിന് ഉറച്ച നിലപാടുണ്ടെന്ന് സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരീത റോബ്ലെസ് പറഞ്ഞു. ക്ലസ്റ്റർ ബോംബ് നിരോധിക്കുന്ന ഉടന്പടിയിൽ ഒപ്പുവച്ച 123 രാജ്യങ്ങളിലൊന്നാണ് യുകെയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ആക്രമണത്തിനു ശേഷം പൊട്ടാതെ വർഷങ്ങളോളം കിടക്കുന്ന ക്ലസ്റ്റർ ബോംബുകൾ കുട്ടികളിലുണ്ടാക്കാനിടയുള്ള ആഘാതത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് കാനഡ സർക്കാർ പറഞ്ഞു. യുക്രെയ്നു ക്ലസ്റ്റർ ബോംബുകൾ നല്കാനുള്ള നീക്കത്തെ എതിർക്കുന്നതായി ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബേയർബോക് പറ ഞ്ഞു.
ജനനാശത്തിനു കാരണമായേക്കാവുന്ന ക്ലസ്റ്റർ ബോംബുകളുടെ കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയെ തോൽപ്പിക്കാൻ ഈ ആയുധങ്ങൾ വേണ്ടിവരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വലിയ പീരങ്കിയിൽനിന്നു പ്രയോഗിക്കാവുന്ന ക്ലസ്റ്റർ ബോംബുകളാവും നല്കുക. ചെന്നു വീഴുന്ന സ്ഥലത്ത് ഒട്ടേറെ ചെറു ബോംബുകൾ വിതറുന്ന സംവിധാനമാണിത്. ഇവയിൽ ചിലതു പൊട്ടാറില്ല. പിന്നീട് ഇവ പൊട്ടി ആളുകൾ മ രിക്കാറുണ്ട്.
2008ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ബ്രിട്ടനും ഫ്രാൻസും അടക്കം 120 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിരോധിക്കുന്ന ഉടന്പടി യിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അമേരിക്ക, റഷ്യ, യുക്രെയ്ൻ രാജ്യങ്ങൾ ഉടന്പടിയിൽ ചേർന്നില്ല. അതേസമയം, അമേരിക്കയിൽ ഇത്തരം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു നിയമം പാസാക്കിയിട്ടുണ്ട്. യുക്രെയ്നുവേണ്ടി പ്രസിഡന്റ് ജോ ബൈഡനു നിയമം മറികടക്കാവുന്നതാണ്.
റഷ്യയും യുക്രെയ്നും നിലവിൽ ഇത്തരം ആയുധങ്ങൾ വലിയതോതിൽ പ്രയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക യുക്രെയ്നുവേണ്ടി പ്രഖ്യാപിക്കുന്ന പുതിയ പാക്കേജിൽ റോക്കറ്റുകളും കവചിത വാഹനങ്ങളും ഉണ്ടാകുമെന്നാണു റിപ്പോർട്ട്.