വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്കരണം സിനിമ മേഖലയിലേക്കും. വിദേശ നിര്‍മ്മിത സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താന്‍ തീരുമാനം. നികുതി പരിഷ്കരണത്തിന് വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവിനും അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. ട്രൂത്ത് സോഷ്യലിലൂടെ ഞായറാഴ്ചയാണ് ട്രംപ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
‘അമേരിക്കയിലെ സിനിമാ വ്യവസായം അതിവേഗം മരണത്തിലേക്ക് നീങ്ങുകയാണ്. നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാന്‍ മറ്റ് രാജ്യങ്ങള്‍ ശ്രമിക്കുന്നു. ഇതിനായി പലവിധ പ്രോാത്സാഹനങ്ങളും വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ സംഘടിത ശ്രമമാണ് ഇതിന് പിന്നില്‍. ഇതിനെ ദേശീയ സുരക്ഷാ ഭീഷണിയായി കാണണം’. എന്നാണ് ട്രംപിന്റെ പ്രതികരണം.
സിനിമകള്‍ യുഎസില്‍ നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്ത ട്രംപ് വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ചുമത്താന്‍ താന്‍ അനുമതി നല്‍കുന്നതായും പ്രഖ്യാപിക്കുകയായിരുന്നു. വിദേശ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ആഗോള വാണിജ്യ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് പിന്നാലെയാണ് സമാനമായ നടപടി വിനോദ വ്യവസായത്തിലേക്കും വ്യാപിപ്പിക്കുന്നത്. മറ്റൊരു രാജ്യത്തിലേക്കുള്ള കയറ്റുമതിക്ക് ചുമത്തുന്ന ചുങ്കത്തിന് പകരമായി ആ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തുന്ന രീതിയാണ് പകരച്ചുങ്കം.