വാഷിങ്ടണ്‍ : ഗാസ പിടിച്ചടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍. ഗാസ കയ്യടക്കുന്നത് വന്‍ അബദ്ധമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ഗില്ലാര്‍ഡ് എര്‍ദന്‍.
ഗാസ പിടിച്ചടക്കി അവിടെത്തന്നെ തുടരാന്‍ ഇസ്രയേല്‍ താല്‍പ്പര്യപ്പെടുന്നില്ല. തങ്ങള്‍ ഇപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. യുദ്ധത്തിന് ശേഷം എന്ത് എന്നത് ഇപ്പോള്‍ ചിന്തിക്കുന്നില്ല.
ഹമാസിനെ ഉന്മൂലനാശം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്. അതിന് ആവശ്യമായതെല്ലാം കഴിവിന്റെ പരമാവധി ചെയ്യുമെന്നും എര്‍ദന്‍ പറഞ്ഞു.
ഗാസ പിടിച്ചടക്കുന്നത് വന്‍ അബദ്ധമാകുമെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ പലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല.
അതേസമയം ഹമാസിനെയും ഹിസ്ബുള്ളയേയും പോലുള്ള ഭീകരസംഘങ്ങളെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്റെ നിയമം അനുസരിച്ചു തന്നെയാകും ഇസ്രയേല്‍ മുന്നോട്ടുപോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന് പറഞ്ഞു.
സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി. ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും ഹെർസോഗ് വ്യക്തമാക്കി.