ന്യൂഡല്‍ഹി : ഐസിഎംആര്‍ ഡാറ്റാ ബാങ്കില്‍ നിന്നും ഡാറ്റകള്‍ ചോര്‍ത്തി വിറ്റ സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 81 കോടി ഇന്ത്യാക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ നടപടിയിലാണ് അറസ്റ്റ്. ഐസിഎംആര്‍ ഡാറ്റ ബാങ്കില്‍ നിന്നും ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെക്കുകയായിരുന്നു.
മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഡല്‍ഹി പൊലീസ് സൈബര്‍ യൂണിറ്റ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ ഒഡീഷയിലെ ബി ടെക് ബിരുദധാരിയാണ്. ഹരിയാന, ഝാന്‍സി സ്വദേശികളാണ് പിടിയിലായ മറ്റു പ്രതികള്‍. വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയുടെ വിവരങ്ങളും, പാകിസ്ഥാനിലെ ആധാര്‍ കൗണ്ടര്‍പാര്‍ട്ടായ കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡിന്റെ വിവരങ്ങളും ചോര്‍ത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.