ന്യൂഡല്‍ഹി : ഡീപ്ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളില്‍ ഐടി നിയമം ലംഘിച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് നിരവധി ആളുകളുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോകള്‍ അടക്കമുള്ള ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍, ഐടി നിയമം ലംഘിച്ചതിന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പൗരന്മാര്ക്ക് വേണ്ട സഹായം നല്‍കും. ഡീപ്ഫേക്ക് കേസുകളില്‍ ഇരകളാകുന്നവര്‍ക്ക് ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കാനുള്ള സംവിധാനം വരും. ഐടി നിയമ ലംഘനങ്ങള്‍ക്കെതിരെ പൗരന്മാര്ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമിന് കേന്ദ്ര ഐടിമന്ത്രാലയം രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഐടി നിയമ ലംഘനങ്ങളില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഉപയോക്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ പുറത്തുവന്നാല്‍ ഇടനിലക്കാര്‍ എന്ന നിലയില്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം വരുന്നത്.