


തിരുവനന്തപുരം : ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മകനെ തന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ രാജീവരര് ബോര്‍ഡിന് മുന്നിലേക്ക് വെച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചിങ്ങ മാസ പൂജകള്‍ നട തുറക്കുമ്പോള്‍ താന്‍ തന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് കാട്ടിയായിരുന്നു കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നത്. പകരം മകന് ചുമതല നല്‍കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യം ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നെങ്കിലും വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. പിന്നാലെ കാളിദാസ ഭട്ടതിരിപ്പാടടക്കമുള്ള വിദഗ്ധ തന്ത്രിമാരടങ്ങുന്ന ഒരു മൂന്നംഗ സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കണ്ഠരര് ബ്രഹ്മദത്തന് താന്ത്രിക ജ്ഞാനമുണ്ടെന്നും പൂജാ വിധികളില്‍ വൈദഗ്ധ്യമുണ്ടെന്നും മൂന്നംഗ സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രഹ്മദത്തനെ തന്ത്രിയാക്കാനുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ ബ്രഹ്മദത്തനായിരിക്കും തന്ത്രിസ്ഥാനത്തുണ്ടാകുക.