


തിരുവനന്തപുരം : ലോട്ടറി തട്ടിപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടാകാം. പക്ഷെ ഇത്രയും മാരക വെർഷൻ വേറെയുണ്ടാവില്ല. സർക്കാരിനെയും ലോട്ടറീസ് വകുപ്പിനെയും ദുരുപയോഗം ചെയ്താണ് ഒരു വ്യാജ വെബ്സൈറ്റിൽ ഓൺലൈൻ ലോട്ടറി വില്പന പൊടിപൊടിക്കുന്നത്.
സർക്കാർ വകുപ്പിന്റെ വെബ്സൈറ്റിന്റെ അതേ മാതൃകയിലാണ് വ്യാജനും. കേരള സർക്കാറിന്റെ ഔദ്യോഗിക മുദ്രയും, ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും. ഭാഗ്യക്കുറി വകുപ്പിന്റെ വിലാസവും, ഭാഗ്യഛിഹ്നമായ പച്ചക്കുതിരയും എല്ലാം ഇതിലുമുണ്ട്. സർക്കാർ വെബ്സൈറ്റിന്റെ url www.keralalotteries.com ആണെന്നിരിക്കെ വ്യാജന്റേത് www.keralamegastatelottary.com എന്നാണ്.
സർക്കാർ സൈറ്റിലെ ബാനറിൽ നാല് പ്രധാന ലിങ്കുകളാണ് ഉള്ളത്. വ്യാജനിലും അതേ ബാനർ, പക്ഷെ രണ്ട് ലിങ്കുകൾ വ്യത്യസ്തം. “ടിക്കറ്റ് ബുക്കിംഗ്” “ട്രാക് ഓർഡർ” എന്നിവയാണ് ആ ലിങ്കുകൾ. ടിക്കറ്റ് ബുക്കിംഗ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത് ലോട്ടറി വില്പന പേജിലാണ്. മൂന്നു വിഭാഗങ്ങളായാണ് ടിക്കറ്റുകൾ – 40 രൂപയുടെ ബേസിക് ടിക്കറ്റ്, 100 രൂപയുടെ സ്റ്റാൻഡേർഡ് ടിക്കറ്റ്, 500 രൂപയുടെ ധമാക്ക ടിക്കറ്റ്.
ആദ്യ വിഭാഗത്തിൽ ഒന്നാം സമ്മാനം 50 ലക്ഷവും, രണ്ടാമത്തേതിൽ 1.20 കോടിയും ധമാക്ക ഓഫറിലെ ബമ്പർ ടിക്കറ്റിന് 25 കോടിയും എന്നാണ് കാണിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും ലഭ്യമായ ടിക്കറ്റ് നമ്പറുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ട നമ്പറിൽ ക്ലിക്ക് ചെയ്താൽ പേര്, ഇ-മെയിൽ ഐ.ഡി. മുതലായ കുറച്ച് വിവരങ്ങൾ നൽകണം. തുടർന്ന് “ബുക്ക് ടിക്കറ്റ് നൗ” ബട്ടൺ അമർത്തിയാൽ പേയ്മെന്റ് പേജിലെത്തും. UPI പേയ്മെന്റ് ആണ് നടത്തേണ്ടത്.
വ്യാജ സൈറ്റിലെ ഹോം പേജിൽ ലോട്ടറീസ് വകുപ്പിനെക്കുറിച്ചുള്ള ലഘു വിവരണം സർക്കാർ സൈറ്റിൽ നിന്ന് അതേ പോലെ കോപ്പിയടിച്ചതാണ്. വിലാസം തിരുവനന്തപുരത്ത് വികാസ് ഭവനിലെ വകുപ്പിന്റെ യഥാർത്ഥ വിലാസം തന്നെ. പക്ഷെ സൂത്രശാലികളായ തട്ടിപ്പുകാർ ഫോൺ നമ്പറും, ഇ-മെയിൽ വിലാസവും കൊടുത്തിരിക്കുന്നത് വേറെയാണ്. “കോണ്ടാക്ട് അസ്” എന്ന സെക്ഷനിൽ കൊടുത്തിരിക്കുന്ന വിലാസം ലോട്ടറീസ് വകുപ്പിന്റേതല്ല. പഞ്ചാബിലെ ലുധിയാനയിലെ ഒരു വിലാസമാണവിടെ കാണാനാവുക. ഫോൺ നമ്പറും വാട്സ്ആപ്പ് നമ്പറും പ്രത്യേകം കൊടുത്തിട്ടുണ്ട്. കൂടാതെ ഇ-മെയിൽ ഐഡിയും.
കേരളത്തിൽ ഒരു ഭരണമാറ്റമുണ്ടായത് തട്ടിപ്പുകാർ പക്ഷെ ശ്രദ്ധിച്ചിട്ടില്ല. യഥാർത്ഥ വെബ്സൈറ്റിൽ മുഖ്യമന്ത്രി, ധനമന്ത്രി, ലോട്ടറീസ് വകുപ്പിന്റെ സെക്രട്ടറിയായ ടാക്സസ് സെക്രട്ടറി, ലോട്ടറീസ് ഡയറക്ടർ എന്നിവരുടെ ചിത്രങ്ങളുണ്ട്. വ്യാജ വെബ്സൈറ്റിൽ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെഎൻ ബാലഗോപാലുമാണ്. ലോട്ടറീസ് വകുപ്പിന്റെ ഡയറക്ടറുടെ ചിത്രവും പഴയതാണ്, മിഥുൻ പ്രേംരാജ് എന്ന ഉദ്യോഗസ്ഥന്റേത്. അടുത്തിടെ അദ്ദേഹം മാറി അഞ്ചു കെഎസ് ചുമതലയേറ്റെടുത്തിരുന്നു. വകുപ്പ് സെക്രട്ടറി കഴിഞ്ഞ മെയ് മുതൽ കെആർ ജ്യോതിലാലാണ്, അദ്ദേഹത്തിന്റെ ചിത്രം തെറ്റിയിട്ടില്ല.
വ്യാജ വെബ്സൈറ്റിനെതിരെ തങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ലോട്ടറീസ് വകുപ്പിലെ ഒരു ഒഫീഷ്യൽ അറിയിച്ചു. “ഓൺലൈൻ, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ കേരളാ ലോട്ടറിയുമായി ബന്ധപ്പെട്ടുള്ള നിയമവിരുദ്ധ പ്രവൃത്തികൾ കണ്ടെത്താൻ ഞങ്ങൾക്ക് ഒരു ടീമുണ്ട്. അവർ ഇത് കണ്ടെത്തുകയും പൊലീസിന്റെ സൈബർ വിഭാഗത്തിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്,”- ഒഫീഷ്യൽ പറഞ്ഞു. ലോട്ടറീസ് വകുപ്പ് അംഗീകൃത ഏജന്റുമാരിൽ കൂടെ പേപ്പർ ലോട്ടറി മാത്രമേ വിൽക്കുന്നുള്ളു. ഓൺലൈൻ, ഇലക്ട്രോണിക്, ഡിജിറ്റൽ സംവിധാനങ്ങളിൽ കൂടിയുള്ള വില്പന നിയമവിരുദ്ധമാണ്.