ഗാസ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസവും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. 5,087 പേര് കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 15,270 പേര്‍ക്ക് പരിക്കേറ്റു.
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 96 പേര് കൊല്ലപ്പെട്ടു. 1,650പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400പേര് കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് തടവിലാക്കിയ രണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ചു. ഈജ്പ്തിന്റേയും ഉത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രണ്ടുപേരെ മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് മോചിപ്പിച്ചത്. നേരത്തേ, രണ്ട് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചിരുന്നു.
ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഹമാസ് 200 ലധികം പേരെ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലില്‍ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 140 പേര് മരിച്ചു.