വിയന്ന : മധ്യയൂറോപ്പിലെ രാജ്യങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് റൊമാനിയ എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണം. പോളണ്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ചെക്ക് റിപ്പബ്ലിക്കില്‍ മൂന്നും റൊമാനിയയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ ഇതേ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ സ്ലൊവാക്യയെയും ഹംഗറിയയെയും കനത്ത മഴ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോളണ്ട് സര്‍ക്കാര്‍ 260 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ആശുപത്രിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 40ഓളം രോഗികളെ മാറ്റി. സ്കൂളുകളും കോളജുകളും എല്ലാം അടച്ചു കഴിഞ്ഞു. വിവിധ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ചെക്ക് റിപ്പബ്ലിക്കിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ നിരവധി പട്ടണങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഹംഗറിയിലും അവസ്ഥ സമാനമാണ്. പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് വിദേശ പര്യടനങ്ങള്‍ എല്ലാം റദ്ദാക്കി. രാജ്യം മോശം അവസ്ഥയില്‍ നിന്ന് കരകയറുന്നതുവരെ രാജ്യത്തിന് പുറത്തുപോകില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.