ന്യൂയോർക്ക് : വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ച ഡാനിയല്‍ എല്‍സ്ബര്‍ഗ് (92) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മിലിട്ടറി അനലിസ്റ്റ് ആയിരുന്ന ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ ‘പെന്റഗണ്‍ പേപ്പേഴ്സ്’ എന്ന് അറിയപ്പെടുന്ന സൈനിക രേഖകളിലൂടെയാണ് അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് എന്ന വിവരം ലോകം അറിഞ്ഞത്.
തുടര്‍ന്ന് യുഎസ് സര്‍ക്കാരിന് എതിരെ സ്വന്തം രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് കാരണമായി. വിയറ്റ്നാമില്‍ തങ്ങളുടെ സൈന്യം വന്‍ മുന്നേറ്റം നടത്തുകയാണ് എന്നായിരുന്നു അമേരിക്ക പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം പുറത്തുവിട്ട 7,000 പേജുകളുള്ള സൈനിക വിവരങ്ങള്‍, യുഎസ് സേന വിയറ്റ്നാമില്‍ നടത്തിയ അതിക്രമങ്ങളുടെയും ഒളിപ്പോരാളികളുടെ ഭാഗത്തുനിന്നുണ്ടായ കനത്ത തിരിച്ചടികളുടെയും വിവരങ്ങള്‍ പുറത്തെത്തിച്ചു. ന്യൂയോര്‍ക്ക് ടൈംസ് ആണ് പെന്റഗണ്‍ പേപ്പേഴ്സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പത്രത്തില്‍ പ്രസിദ്ധീകരിച്ച സൈനിക രേഖകള്‍, രാജ്യ സുരക്ഷയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ് സുപ്രീം കോടതിയെ സമീപിക്കുകയും, രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെ, ‘അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്’ എന്നാണ് യുഎസ് മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.