ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവദാസൻ രാജ്യസഭയിൽ നോട്ടീസ് നൽകി. ദ ന്യൂസി മിനുട്ട് റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലിനിടയാക്കിയത് കേരള സർക്കാരിന്റെ നയങ്ങളാണെന്ന് സ്ഥാപിക്കാൻ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു ന്യൂസ് മിനുട്ടിന്റെ റിപ്പോർട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ നിർദേശപ്രകാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഗവേഷകരെ സമീപിച്ചു. ലേഖനങ്ങളെഴുതാൻ പി.ഐ.ബി സമീപിച്ച മൂന്ന് ഗവേഷകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് മിനുട്ട് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ശാസ്ത്രജ്ഞൻമാർ, ഗവേഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് കേരളസർക്കാർ വിരുദ്ധ ലേഖനങ്ങൾ എഴുതിക്കലാണ് ലക്ഷ്യം.
സംസ്ഥാനത്ത് ഉരുൾപൊട്ടലിന് കാരണം ക്വാറികൾ അനുവദിക്കുന്ന സംസ്ഥാന നയങ്ങളാണെന്ന് സമർത്ഥിക്കുന്ന ലേഖനങ്ങളാണ് മന്ത്രാലയത്തിന് ആവശ്യം. ലേഖനങ്ങളിൽ വരേണ്ട കണ്ടന്റുകൾ ലേഖകന് കൈമാറും. എഴുതുന്ന ലേഖനങ്ങളിൽ ഇവ ഉൾപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്ന് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. 2018ലെ പ്രളയത്തിന് ശേഷം കൃത്യമായ മാനദണ്ഡമില്ലാതെയും മാർഗനിർദേശങ്ങളെയും അവഗണിച്ച് ക്വാറികൾ അനുവദിച്ചതാണ് പ്രകൃതിക്ഷോഭത്തിനിടയാക്കിയതെന്ന് ലേഖനങ്ങളിലൂടെ സമർത്ഥിക്കണം.
ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചവരാണ് വിവരം പുറത്തുവിട്ടത്. ക്വാറികളാണ് ഉരുൾപൊട്ടലിന് കാരണമെന്ന് എവിടെയും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞരടക്കമുള്ളവർ ലേഖനങ്ങൾ എഴുതാൻ തയാറാകില്ലെന്നാണ് ഫോൺ സന്ദേശം ലഭിച്ച ഒരാൾ പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ കുറിച്ചറിഞ്ഞ സംസ്ഥാന സർക്കാർ പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിയിൽ കേന്ദ്ര സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകിയതായും ന്യൂസ് മിനുട്ടിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.