ന്യൂഡല്‍ഹി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മണിപ്പുരിലേക്ക് പുറപ്പെട്ടു. ഞായറാഴ്ചവരെയാണ് സന്ദര്‍ശനം.യെച്ചൂരിയെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജിതേന്ദ്ര ചൗധരി, സുപ്രകാശ് താലൂക്ദാര്‍, ഡെബ്ലിന ഹെംബ്രാം എന്നിവരും പ്രതിനിധി സംഘത്തിലുണ്ടാകും.
ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി സിപിഎം ജനറൽ സെക്രട്ടറിയും സംഘവും കൂടിക്കാഴ്ച നടത്തും. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ക്ക് പുറമെ ചുരാചന്ദ്പൂര്‍, മൊയ്റാംഗ്, ഇംഫാല്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രതിനിധി സംഘം സന്ദര്‍ശിക്കും. വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അപകടകരമാണെന്നും മണിപ്പുർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങള്‍ മണിപ്പുരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇന്ത്യ അവര്‍ക്കൊപ്പമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയ് മൂന്നിന് മണിപ്പുരില്‍ ആരംഭിച്ച മെയ്തേയ്, കുക്കി സംഘര്‍ഷത്തില്‍ ഇതുവരെ 160-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. നിലവിലും കലാപത്തിന് പൂര്‍ണ അറുതി വന്നിട്ടില്ല.