ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്. വാക്സിന് മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര് കോടതിയെ സമീപിച്ചിരുന്നു. യുകെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.
2021 ഏപ്രിലിൽ താന്‍ വാക്സിന് സ്വീകരിച്ചെന്നും പിന്നാലെ രക്തം കട്ടപിടിച്ചെന്നും മസ്തിഷ്കാഘാതമുണ്ടായെന്നും കേസിലെ ആദ്യ പരാതിക്കാരനായ ജാമി സ്കോട്ട് ആരോപിച്ചിരുന്നു.ജോലി ചെയ്യാന്‍ തനിക്ക് സാധിച്ചില്ലെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്ന് ആശുപത്രി അധികൃതര്‍ മൂന്നു തവണ തന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും ജാമി വ്യക്തമാക്കുന്നു. അസ്ട്രസെനക ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ അപൂര്‍വമായ മസ്തിഷാകാഘാതം, ഹൃദയാഘാതം എന്നിവക്ക് കോവിഷീല്‍ഡ് കാരണമാകാമെന്ന് ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.