സോൾ : പട്ടാളനിയമം നടപ്പാക്കിയതിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന് കോടതി. തലസ്ഥാനമായ സോളിലെ സെൻട്രൽ ജില്ല കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടതെന്ന് യോൻഹാപ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് പട്ടാളം നിയമം നടപ്പാക്കിയതെന്ന കേസിലാണ് യൂൻ ജനുവരിയിൽ അറസ്റ്റിലായത്. തെളിയിക്കപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്.
അനുവദിച്ചതിനേക്കാൾ അധികം സമയം യൂനിനെ കസ്റ്റഡിയിൽ വെച്ച അന്വേഷണ ഉദ്യോഗസ്ഥർ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അതേസമയം, കോടതി വിധിക്ക് ശേഷവും യൂനിനെ മോചിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരാഴ്ച സമയമുണ്ടെന്നും അതുവരെ യൂൻ കസ്റ്റഡിയിൽ തുടരുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.