ഇസ്ലാമാബാദ് : അഴിമതി കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന് ഖാന് 14 വര്‍ഷവും ബുഷ്റ ബീവിക്ക് ഏഴ് വര്‍ഷവും ആണ് ശിക്ഷ.
മൂന്ന് തവണ മാറ്റി വെച്ച കേസില്‍ അഴിമതി വിരുദ്ധ കോടതി ജഡ്ജി നാസിര്‍ ജാവേദ് റാണയാണ് വിധി പറഞ്ഞത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.
2023 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇമ്രാനും ബുഷറയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല.