വാഷിങ്ടണ്‍ : പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുഎസ് മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സില്‍ കുറിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് യുഎസില്‍ സ്ഥാനമില്ലെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
എന്റെ സുഹൃത്ത് യുഎസ് മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.
വെടിയേറ്റയുടന് ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസിനോടും നിയമപാലകരോടും ഇവാങ്ക ട്രംപ് തന്റെ നന്ദി അറിയിച്ചു. രാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുമെന്നും ഇവാങ്ക പറഞ്ഞു.
പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ട്രംപിന്റെ വലതു ചെവിക്ക് വെടിയേറ്റു. ഉടന്‍ തന്നെ സുരക്ഷാ സേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍ നിന്ന് സുരക്ഷിതനായി മാറ്റി.