ഇസ്ലാമാബാദ് : ഇന്ത്യയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പാക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെയാണ് ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന് സൈന്യത്തെയും ഷഹബാസ് ഷെരീഫ് പ്രശംസിച്ചു.
പാക് സൈന്യത്തിന്റേത് ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച ഷരീഫ്, രാജ്യത്തിന് ഒന്നടങ്കം ഇത് വിജയമാണെന്നും അവകാശപ്പെട്ടു. ”പാകിസ്ഥാന് സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് ലംഘനങ്ങള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികര്‍ സംയമനം പാലിക്കണം” ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചേരാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നീ നേതാക്കള്‍ക്കും സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. വെള്ളവുമായി ബന്ധപ്പെട്ട തർക്കവും കശ്മീര്‍ പ്രശ്നവും ഉടന്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.
”മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നുവെന്ന് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഷഹബാസ് ഷെരീഫ് എക്സില്‍ കുറിച്ചിരുന്നു. ചൈന വിശ്വസ്തരായ സുഹൃത്താണ്. പാകിസ്ഥാന് ആവശ്യമുള്ളപ്പോഴെല്ലാം ചൈനീസ് ജനത കൂടെ നിന്നു. ചൈനയോട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി അറിയിക്കുന്നു”വെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.