ബൊഗോട്ട: പലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനും നോർവേയും അയർലൻഡും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെയാണ് കൊളംബിയയുടെ നീക്കം.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയെ തുടക്കം മുതൽ രൂക്ഷമായ ഭാഷയിൽ എതിർക്കുന്ന രാജ്യമാണ് കൊളംബിയ. ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് തെൽഅവീവിൽനിന്ന് കൊളംബിയൻ അംബാസഡറെ മേയ് ആദ്യത്തിൽ ഗുസ്താവോ പെഡ്രോ തിരിച്ചുവിളിച്ചിരുന്നു. മേയ് മൂന്നിന് എംബസി അടച്ചുപൂട്ടുകയും ചെയ്തു. പിന്നാലെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു കൊളംബിയ.യു.എൻ രക്ഷാസമിതി നിർദേശങ്ങൾ കാറ്റിൽപറത്തി ഇസ്രായേൽ ആക്രമണം തുടരുമ്പോഴാണ് പലസ്തീനിൽ എംബസി തുറക്കുമെന്നുകൂടി കൊളംബിയ പ്രഖ്യാപിച്ചിരിക്കുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് എംബസി തുറക്കാനിരിക്കുന്ന റാമല്ല സ്ഥിതി ചെയ്യുന്നത്. പലസ്തീൻ അതോറിറ്റി ഭരണകൂടത്തിന്റെ ഭരണതലസ്ഥാനം കൂടിയാണ് ഇവിടെ.
കാര്യാലയം തുറക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൊളംബിയ വിദേശകാര്യ മന്ത്രി മുറില്ലോ അറിയിച്ചിട്ടുണ്ട്. യു.എന്നിൽ പലസ്തീനു സ്വതന്ത്രരാഷ്ട്ര അംഗീകാരം നൽകാനുള്ള നീക്കത്തെ കൂടുതൽ രാജ്യങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. നീക്കത്തിന് കൊളംബോ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2022ലാണ് കൊളംബിയൻ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ ഗുസ്താവോ പെഡ്രോ അധികാരത്തിലേറുന്നത്. ഇസ്രായേലിന്റെ വംശഹത്യാ പദ്ധതികളുടെ രൂക്ഷവിമർശകൻ കൂടിയാണ് പെഡ്രോ. കൊളംബിയയ്ക്കു പുറമെ ബൊളീവിയ, ചിലി, ഹോണ്ടുറാസ് എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്പെയിൻ, നോർവേ, അയർലൻഡ് പ്രധാനമന്ത്രിമാർ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. ഇസ്രായേലിന്റെ പ്രതിഷേധവും ഭീഷണിയുമെല്ലാം അവഗണിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെ നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് അംബാസഡര്‍മാരെ ഇസ്രായേല്‍ തിരിച്ചുവിളിക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാർഗമെന്നാണ് ഇതിനു തീരുമാനത്തിനുള്ള വിശദീകരണമായി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹര്സ്റ്റോർ, അയർലൻഡ് പ്രധാനമന്ത്രി സിമോൺ ഹാരിസ് എന്നിവർ വ്യക്തമാക്കിയത്.